കോട്ടയം: എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹോളനമെന്ന് ചെന്നിത്തല. ഫോണ്‍കെണി വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞ എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടത്പക്ഷം എന്നും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇതെന്നും എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ആരോപണവിധേയമായ കുറ്റം ചെയ്തിട്ടില്ല എന്ന് ശശീന്ദ്രന് പോലും പറഞ്ഞിട്ടില്ല, എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന് കുറ്റക്കാരനല്ലെന്നാണ് പറയുന്നത്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോളാണ് ശശീന്ദ്രന് രാജിവേക്കെണ്ടി വന്നത്. ശശീന്ദ്രന് രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്ത്തകന് ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോളായിരുന്നു രാജി. അത് ഇതുവരെയും മാറിയിട്ടില്ല. ചാനല്‍ അടച്ചുപൂട്ടണം എന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.
ശശീന്ദ്രന് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്തകളെ ഭയപ്പെടുന്നതെന്തിനെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം മാധ്യമങ്ങള്‍ക്ക് നേരെ തുടരുന്ന വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. സെക്രട്ടറിയേറ്റില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയത് ആരെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
