ന്യൂഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ ഡല്‍ഹി പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായ ഹോംസ്റ്റഡ് കമ്പനിയുമായി ചേര്‍ന്ന് ഗുഡ്ഗാവില്‍ ഫ്‌ളാറ്റ് കെട്ടിടം നിര്‍മ്മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് ആരോപണം. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരത്തിനെതിരെ പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുന്നത്.

2012 ലാണ് കമ്പനിയുമായി ചേര്‍ന്ന് ഷറപ്പോവ ഡല്‍ഹിയിലെത്തുന്നത്. ഗുഡ്ഗാവില്‍ ഫ്‌ളാറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്നാണ് ഷറപ്പോവ സാക്ഷ്യപ്പെടുത്തിയ കരാറില്‍ കമ്പനി ഉറപ്പുനല്‍കിയത്. 2016നുള്ളില്‍ പ്രൊജക്ട് തീര്‍ക്കാമെന്നായിരുന്നു അവകാശവാദം. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഇല്ലാതായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കമ്പനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നുകാട്ടി നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ നവംബര്‍ 16നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഷറപ്പോവ പദ്ധതിയുടെ ഭാഗമായതിനെ തുടര്‍ന്നാണ് ഇത്രയും അധികം ആളുകള്‍ വിശ്വസിച്ച് പണം നിക്ഷേപിച്ചതെന്ന് അഭിഭാഷകനായ പീയുഷ് സിംഗ് പറഞ്ഞു.