മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗ്യാലക്‌സി X അടുത്തവര്‍ഷം ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. മുന്‍പും അഭ്യൂഹം എന്ന നിലയില്‍ വന്നിരുന്ന വാര്‍ത്ത സാംസങ്ങ് അടുത്തിടെ അവിചാരിതമായി സ്ഥിരീകരിച്ചു എന്നാണ് ടെക്ക് ലോകത്തെ പുതിയ കേള്‍വി. ഇപ്പോള്‍ സാംസങ്ങ് ഗ്യാലക്‌സി എക്‌സ് എന്ന് പേരിട്ട ഫോണിന്റെ പേര് വിപണിയില്‍ എത്തുമ്പോള്‍ മാറിയേക്കാമെന്നും സുചനയുണ്ട്.

സാംസങ്ങിന്റെ ഓഫീഷ്യല്‍ വെബ് സൈറ്റില്‍ ഗ്യാലക്‌സി എക്‌സിന്റെ സപ്പോര്‍ട്ട് പേജ് വന്നതോടെയാണ് ഫോണിനെക്കുറിച്ച് സ്ഥിരീകരണം വന്നത്. ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറിയന്‍ സൈറ്റ് മൊബീല്‍ കോപ്പന്‍ പിന്നീട് ഈ പേജ് പിന്‍വലിച്ചുവെന്നും പറയുന്നുണ്ട്. മോഡല്‍ നമ്പര്‍ എസ്എം ജി888എന്‍ഒ എന്ന നമ്പറിലാണ് ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ ആദ്യത്തെ ഫോഡബിള്‍ ഫോണ്‍ 2018 ല്‍ ഇറക്കുമെന്ന സൂചന സാംസങ്ങ് നല്‍കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ബാഴ്‌സിലോനയില്‍ 2018 ഫിബ്രവരിയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ആയിരിക്കും ഈ ഫോണ്‍ ഇറക്കുക എന്ന് ടെക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.