കാസര്‍കോട്: ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ രംഗം അടിമുടി പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ആര്‍ദ്രം പദ്ധതി. അത് സംസ്ഥാന വ്യാപകമായി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റും.

ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും, ലാബ് സൗകര്യവും സ്ഥിരപ്പെടുത്തുക, ആവശ്യത്തിനു പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍. ഓരോ വാര്‍ഡുകളില്‍ നിന്നും കഴിവുള്ളവരെ കണ്ടെത്തി സന്നദ്ധ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടും. നമുക്കായൊരു കുടുംബ ഡോക്ടര്‍ എന്നാണ് പദ്ധതിയുടെ വിളിപ്പേര്. ജീവിത ശൈലി രോഗങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് കുതിച്ചുയുരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഈ പദ്ധതി സാര്‍ത്ഥകമാവുക. ഗ്രാമങ്ങള്‍ തോറും വിന്യസിക്കുന്ന കുടുംബ ഡോക്ടറുടെ സേവനം ഓരോ വീടുകളിലേയും ആരോഗ്യ സ്ഥിതി സ്ഥിരമായി വിലയിരുത്തപ്പെടും. ആശ വര്‍ക്കര്‍ അടക്കമുള്ള പുതുതായി നിയമനം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടു കൂടിയായിരിക്കും ഡോക്ടര്‍മാരുടെ സേവനം വ്യാപിപ്പിക്കുക.

ജീവിത ശൈലീകൃത രോഗങ്ങള്‍ക്ക് ചികിത്സിക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇവിടെ ഒരുക്കും. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടല്‍ മൂലം പകര്‍ച്ചവ്യാധി തടയാന്‍ സാധിച്ചതായും മന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനങ്ങളായ നാലു പദ്ധതികളില്‍ ആര്‍ദ്രം പദ്ധതിയിന്മേലാണ് ഊന്നല്‍ നല്‍കപ്പെടുന്നതെങ്കിലും പരിസ്ഥിതി സംരക്ഷം ലക്ഷ്യമിട്ടു രൂപകല്‍പ്പന ചെയ്ത ഹരിത കേരള മിഷന്‍, ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഇ ഹെല്‍ത്ത് പദ്ധതി, ടെലി മെഡിസിന്‍ പദ്ധതി, കേന്ദ്ര ഹെല്‍ത്ത് മിഷന്‍ ഫണ്ട്, ആയുഷ് ഫണ്ട്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു പ്രാപ്യമാകുന്ന ഫണ്ട് തുടങ്ങിയവയെല്ലാം ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളുടെ വികാസനത്തിനുള്ള ചാലക ശക്തിയായി മാറുന്നതോടെ ഗ്രാമങ്ങളുടെ മുഖഛായ മാറ്റാന്‍ കഴിഞ്ഞേക്കുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു.