ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 2015 ലെ 8.6 ശതമാനത്തിൽ നിന്ന് ഈ വർഷം ഏഴു ശതമാനത്തിലേക്കു താഴുമെന്നു ലോകബാങ്ക്. നോ‍ട്ടുറദ്ദാക്കലും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും വളർച്ചയെ ബാധിച്ചതായി ദ്വൈവർഷ ദക്ഷിണേഷ്യ സാമ്പത്തിക റിപ്പോർട്ടിൽ ലോകബാങ്ക് വിലയിരുത്തി.

എന്നാൽ, പൊതു ചെലവ് വർധിപ്പിച്ചും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ചും ശക്തമായ നയങ്ങൾ നടപ്പാക്കിയാൽ വളർച്ച ത്വരിതപ്പെടുത്തി 2018 ൽ 7.3 ശതമാനത്തിലെത്തിക്കാമെന്നു റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നു രാജ്യാന്തര നാണ്യനിധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. നിലനിൽക്കുന്ന വളർച്ചയിലൂടെ മാത്രമേ ദാരിദ്ര്യം കുറയ്ക്കാനാവൂ. അനൗദ്യോഗിക സമ്പദ് വ്യവസ്ഥയെ തുണയ്ക്കാനും ശ്രമമുണ്ടാകണം.

ഇന്ത്യയുടെ വളർച്ചാ മാന്ദ്യം ദക്ഷിണേഷ്യയെ ആകെ ബാധിച്ചിട്ടുണ്ട്. പൊതുനിക്ഷേപം കുറഞ്ഞതിനെ തുടർന്നു വിപണിയിൽ ആവശ്യം കുറഞ്ഞു. ജിഎസ്ടിയുടെ ആഘാതം തുടരുമെങ്കിലും 2018 അവസാനത്തോടെ ഇന്ത്യ വളർച്ചയുടെ പാതയിലേക്കു തിരികെ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര തടസ്സങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ സ്വകാര്യ നിക്ഷേപത്തെ ബാധിക്കുമെന്നും ആഗോള വിപണിയിൽ നിന്നുള്ള സമ്മർദം കൂടിയാകുമ്പോൾ വളർച്ചാ രംഗത്തു വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്.