ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നതാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്‌റ്റേ ചെയ്യണമെന്നും ഹർജിയിലുണ്ട്.
മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ തോമസ് ചാണ്ടി അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക.
ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.