ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരിവിറക്കി.

നിലവിലെ എംആര്‍പിയോടൊപ്പം പരിഷ്‌കരിച്ച വിലയും ഉത്പന്നത്തിന്മേല്‍ രേഖപ്പെടുത്തണമെന്നും വിതരണക്കാരുടെ കൈവശമെത്തിയ ഉത്പന്നങ്ങിളിന്മേല്‍ ഒട്ടിക്കുന്നതിന് പുതുക്കിയ എംആര്‍പി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തയ്യാറാക്കി കമ്പനികള്‍ കൈമാറണമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

ഡിസംബര്‍ 31വരെ പുതിയ എംആര്‍പിയും പഴയ എംആര്‍പിയും രേഖപ്പെടുത്തുകയാണ് വേണ്ടത്. ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ യോഗത്തില്‍ നികുതി കുറച്ച 178 ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് ഉത്തരവ് ബാധകമാകുക. അച്ചടിച്ച സ്റ്റിക്കര്‍ ഒട്ടിക്കുകയോ ഉത്പന്നത്തിന്റെ പായ്ക്കില്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ മതി.

നികുതി കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതായി ഉപഭോക്താവിന് ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് പഴയതും പുതിയതുമായ എംആര്‍പി ഉത്പന്നത്തിന്മേല്‍ ഉണ്ടാകണമെന്ന നിര്‍ദേശംവന്നത്. നെസ് ലെ ഇന്ത്യ, ഡാബര്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവര്‍ ഉത്പന്നങ്ങള്‍ക്ക് ഉടനെതന്നെ വിലകുറച്ചിരുന്നു.

എന്നാല്‍ റീട്ടേയില്‍ ഷോപ്പുകളിലെത്തിയ ഉത്പന്നങ്ങളുടെ എംആര്‍പി മാറ്റാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.