വിദര്‍ഭ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. പത്താം ടെസ്റ്റ് സെഞ്ച്വറി നേടിയ ഓപ്പണര്‍ മുരളി വിജയിയുടേയും (121), സെഞ്ച്വറിയിലേക്ക് കുതിക്കുന്ന പൂജാരയുടേയും (75) മികവിലാണ് ഇന്ത്യ മുന്നേറുന്നത്. ഒന്‍പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി.

187 പന്തില്‍ ഒമ്പത് ഫോറുകളും ഒരു സിക്സറും പറത്തിയാണ് വിജയ് തന്റെ പത്താം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതുവരെ 213 പന്തുകള്‍ നേരിട്ട വിജയ് പത്തു ഫോറുകളും ഒരു സിക്സറും അടക്കമാണ് 121 റണ്‍സ് നേടിയിരിക്കുന്നത്. 212 പന്തുകള്‍ നേരിട്ട പൂജാര ഒമ്പത് ഫോറുകള്‍ സഹിതമാണ് 77 റണ്‍സ് നേടിയിരിക്കുന്നത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇതുവരെ 204 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

ഒന്നിന് പതിനൊന്ന് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച വിജയും പൂജാരയും സാവകാശമാണ് സ്‌കോര്‍ ചെയ്തത്. നാല് ദിവസത്തോളം കളി ശേഷിക്കെ വിക്കറ്റ് കളയാതെ മുന്നേറാനായിരുന്നു ഇരുവരുടേയും ശ്രമം. അതില്‍ വിജയിക്കുകയും ചെയ്തു. രണ്ട് സെഷനിലേറെ പന്തെറിഞ്ഞിട്ടും ഇരുവരുടേയും പ്രതിരോധം തകര്‍ക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് ആയില്ല. നേരത്ത ലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായിരുന്നു