കൊല്‍ക്കത്ത: സഞ്ജയ് ലീലാബന്‍സാലി ചിത്രം പദ്മാവതിയ്ക്കെതിരെയുള്ള ഭീഷണികള്‍ തുടരുന്നു. ചിത്രത്തെ സ്വാഗതം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. പദ്മാവതിയെ പിന്തുണച്ചാല്‍ മമതയ്ക്ക് ശൂര്‍പ്പണഖയുടെ സ്ഥിതി വരുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് സൂരജ് പാല് അമു രംഗത്തെത്തിയിരിക്കുകയാണ്.
ഗുജറാത്തും മധ്യപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങള്‍ ചിത്രത്തെ വിലക്കിയതിന് പിന്നാലെ പദ്മാവതിയെ മമത ബംഗാളിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ചിത്രത്തിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മമത അറിയിച്ചിരുന്നു. ‘ദുരുദ്ദേശമുള്ള സ്ത്രീകള്‍ക്ക് ശൂര്‍പ്പണഖയുടെ ഗതി വരുമെന്ന് മമത മറക്കരുത്. ലക്ഷ്മണന് ശൂര്‍പ്പണഖയുടെ മൂക്ക് മുറിച്ചിരുന്നു’, സൂരജ് പാല് അമു പറഞ്ഞു.
നേരത്തേ പദ്മാവതിയിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് മുറിയ്ക്കുമെന്ന് സൂരജ് പാല് അമു പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ദീപികയുടെ സുരക്ഷ ശക്തമാക്കുകയും അമുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡിസംബര്‍ 1ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീട്ടിയിരിക്കുകയാണ്.