കൊച്ചി: എ കെ ശശീന്ദ്രനെതിരെയുള്‌ല ‘ഫോണ്‍കെണി’ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. എ.കെ ശശീന്ദ്രനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അനുമതി തേടി പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി പരിഗണിച്ച കോടതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിന്‍വലിക്കുന്നത് പരിഗണിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി.

ഇതോടെ മന്ത്രി സ്ഥാനത്തേക്കുള്ള എ കെ ശശീന്ദ്രന്റെ തിരിച്ചു വരവ് വൈകും എന്നുറപ്പായി.

കോടതിക്കു പുറത്ത് കേസ് ഒത്തു തീര്‍പ്പായെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പരാതി ഉന്നയിച്ചതെന്നും പരാതിക്കാരി കോടതില്‍ അറിയിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ട് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസായതിനാലാണ് പിന്‍വലിക്കാനാകാത്തത്.

മജസിട്രേറ്റ് കോടതിയില്‍ നേരിട്ട് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യുന കേസ് പിന്‍വലിക്കുന്നതിന് നിയമതടസ്സങ്ങളുണ്ട് ഇതിനാലാണ് വിശദ വാദങ്ങള്‍ക്കായി കേസ് ഡിസംബര്‍ 12 ലേക്ക് കോടതി മാറ്റിവെച്ചത്. ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിലുള്ള നിയമ പ്രകാരം ഈ കേസ് പിന്‍വലിക്കുന്നതിന് ഒരു പാട് തടസ്സങ്ങളുണ്ട്. മാത്രമല്ല കേസ് പിന്‍വലിക്കുന്നതിനെതിരെ മഹിള മോര്‍ച്ച പ്രവര്‍ത്തക അടക്കം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാല്‍ ശശീന്ദ്രന്റെ കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം കേസ് പിന്‍വലിക്കുന്ന കാര്യം പരിഗമിക്കാന്‍ കഴിയൂവെന്നാണ് കോടതി പറഞ്ഞത്.