[author ]നിസാര്‍ മുഹമ്മദ്[/author]പനാജി: മലയാള ചലച്ചിത്ര ലോകത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പറന്നുയര്‍ന്നു. വിദേശ ചിത്രങ്ങളെ കടത്തിവെട്ടിയാണ് ‘ടേക്ക് ഓഫ്’ ഗോവയിലെത്തിയ സിനിമാ ആസ്വാദകരുടെയും ജൂറിയുടെയും മനം കവര്‍ന്നത്. നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഈ മലയാള ചിത്രത്തിന് മേളയിലെ യുനെസ്‌കോ പുരസ്‌കാരം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്നലെ ഐനോക്‌സ് തിയേറ്റര്‍ സമുച്ചയത്തിലായിരുന്നു ടേക്ക് ഓഫിന്റെ ആദ്യപ്രദര്‍ശനം. മേളയില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കും യുനസ്‌കോയുടെ ഗാന്ധി മെഡലിനായും ചിത്രം മത്സരിക്കുന്നുണ്ട്. സുവര്‍ണ മയൂരത്തിനായി മല്‍സരിക്കുന്ന 15 ചിത്രങ്ങളില്‍ ടേക്ക് ഓഫും ഉള്‍പ്പെട്ടിട്ടുണ്ട്. 
‘ക്ലാസ് എന്റര്‍ടൈനര്‍’ എന്നാണ് ടേക്ക് ഓഫിനെ ജൂറി ഒറ്റവാക്കില്‍ പ്രശംസിച്ചത്. കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും കഥാപാത്രങ്ങളുമെല്ലാം വേറിട്ട അനുഭവങ്ങളായി. 2014ല്‍ ഇറാഖിലെ തിക്രിത്തില്‍ 46 ഇന്ത്യന്‍ നേഴ്‌സുമാരെ തീവ്രവാദികള്‍ തടങ്കലിലാക്കിയ യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. ഒന്നാംപകുതി മികച്ച തിരക്കഥയിലൂടെയും രണ്ടാം പകുതി അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ്ങിലൂടെയും ടേക്ക് ഓഫിനെ സമ്പന്നമാക്കി. സമീറയെന്ന കേന്ദ്രകഥാപാത്രമായി മാറിയ പാര്‍വതിയുടെ അഭിനയമികവ് വിദേശ ചലച്ചിത്രകാരന്മാരെ പോലും അമ്പരപ്പിച്ചു. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന നേഴ്‌സുമാരുടെ ജീവിത ദുരിതങ്ങളുടെ ആവിഷ്‌ക്കാരത്തിന് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് പൂര്‍വ മാതൃകകളില്ലെന്നു ജൂറി വിലയിരുത്തി. കമല്‍ഹാസന്റെ വിശ്വരൂപം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായി തിളങ്ങിയ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഗോവന്‍ ചലച്ചിത്രമേളയില്‍ ലഭിച്ചത്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി ഷാജികുമാറുമായി ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.  
 ഒമ്പത് മറാത്തി ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചപ്പോള്‍ മലയാളത്തില്‍നിന്ന് ടേക്ക് ഓഫ് മാത്രമാണ് ഉള്‍പ്പെട്ടത്. ഇന്ത്യന്‍ പനോരമ കഥേതര വിഭാഗത്തില്‍ കെ.ജി ജോര്‍ജ്ജിനെക്കുറിച്ചുള്ള ലിജിന്‍ ജോസിന്റെ ചിത്രം ഇന്റര്‍കട്ട്‌സ് ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജും കുഞ്ഞില (അഖില ഹെന്റി) സംവിധാനം ചെയ്ത ജി.ഐ എന്നിവയും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജൂറി തെരഞ്ഞെടുത്ത മലയാള ചിത്രം എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രദര്‍ശനത്തില്‍നിന്ന് നീക്കിയിരുന്നു. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന കേരള ഹൈക്കോടതി വിധിയില്‍ ഇനിയും അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല. പരമാവധി സമയം വൈകിപ്പിച്ച് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനാണ് സംഘാടകരുടെ ശ്രമമെന്ന് മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്രമേള 28-ന് സമാപിക്കും. രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തെ ആസ്പദമാക്കി പാബ്ലോ സെസാര്‍ സംവിധാനം ചെയ്ത തിങ്കിങ് ഓഫ് ഹിം ആണ് സമാപന ചിത്രം. സമാപന സമ്മേളനത്തില്‍ നടന്‍ അമിതാഭ്ബച്ചന് ഇന്‍ഡ്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഒഫ് ദ ഇയര്‍ അവാര്‍ഡ് സമ്മാനിക്കും.