[author ]പവിത്ര ജെ ദ്രൗപതി [/author]
കാര്യവട്ടം: കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിതരണം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു.
ഇന്നലെ വൈകീട്ട് ലേഡീസ് ഹോസ്റ്റലിന്റെ ന്യൂബ്ലോക്കില്‍ ചായയ്‌ക്കൊപ്പം വിതരണം ചെയ്ത ബോളി കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷ ബാധയാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ഡനെയും ജോയിന്റ് രജിസ്ട്രാറിനേയും കണ്ട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പരാതികള്‍ക്കൊന്നും ഫലം കാണ്ടില്ലെന്ന് മാത്രമല്ല അധികൃതര്‍ ഒഴുക്കന്‍ മട്ടില്‍ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയുെ ചെയ്തു. ഇതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്.
ഈയടുത്ത കാലത്താണ് ഹോസ്റ്റലിലെ മെസ് നടത്തിപ്പിനായി കോണ്‍ട്രാക്ടര്‍ക്ക് കൈമാറിയത്. പല കുട്ടികള്‍ക്കും ഭക്ഷ്യവിഷ ബാധയേറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജോയിന്റ് രജിസ്ട്രാറിനെ സമീപിച്ചപ്പോള്‍, കോണ്‍ട്രാക്ടറുടെ നമ്പര്‍ പോലും അധികൃതരുടെ കൈവശമുണ്ടായിരുന്നില്ല. വിഷയത്തിന്മേല്‍ നടപടിയെടുക്കാന്‍ വൈസ് ചാന്‍സിലര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നാണ് ജോയിന്റ് രജിസ്ട്രാറിന്റെ വാദം.
വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പൂപ്പല്‍ വരെ കണ്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാര്‍ഡനോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും പരാതി പറഞ്ഞിട്ടും ഫലമില്ലെന്ന് കണ്ട വിദ്യാര്‍ത്ഥികള്‍ സഹികെട്ടാണ് ഉപരോധത്തിന്റെ പാത തിരഞ്ഞെടുത്തത്. മെസിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഉപരോധം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ക്യാമ്പസിന് മുന്നിലെ പ്രതിഷേധം…
പകല്‍ തുടങ്ങിയ ഉപരോധം രാത്രിയിലും തുടരുകയാണ്. കഴക്കൂട്ടം പോലീസെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.