ലക്നൗ: ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട മാഗി ന്യൂഡില്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് മാഗിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലാബില്‍ മാഗി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൂടിയ അളവില്‍ ചാരത്തിന്റെ അംശം കണ്ടെത്തിയതായി ലാബ് അധികൃതര്‍ അറിയിച്ചു.
കൂടിയ അളവില്‍ ചാരം കലര്‍ന്ന് മാഗി കഴിക്കുന്നത് മനുഷ്യ ശരീരത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്. ചുമത്തിയ പിഴ പ്രകാരം 45 ലക്ഷം രൂപ മാഗിയും, 15 ലക്ഷം രൂപ വിതരണക്കാരും 11 ലക്ഷം രൂപ വില്‍പ്പനക്കാരും അടക്കേണ്ടി വരും.
എന്നാല്‍ സംഭവത്തെ മാഗി നിഷേധിച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നും മാഗി പറഞ്ഞു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതെന്നും മാഗി വക്താവ് അവകാശപ്പെട്ടു.
2015 ല്‍ മാഗിക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അന്നു നടത്തിയ പരിശോധനയില്‍ ഈയ്യവും മോണോ സോഡിയവും അമിതമായ അളവില്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി കര്‍ണ്ണാടകയും ഗുജറാത്തും മാഗിയെ നിരോധിച്ചിരുന്നു. പിന്നീട് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ വിജയിച്ചാണ് മാഗി വീണ്ടും മാര്‍ക്കറ്റില്‍ എത്തിയത്.