തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കിയത് ആരെന്ന ചോദ്യമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിലാണ് എം.പി അഭിപ്രായം തുറന്നു പറഞ്ഞത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദി. കേന്ദ്രം പെട്രോള്‍ വില കൂട്ടിയപ്പോള്‍ സംസ്ഥാനം അത് സൗകര്യമായെടുത്തു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില കൂട്ടിയപ്പോള്‍ സംസ്ഥാന നികുതി എടുക്കാതെ യു.ഡി.എഫ് ജനങ്ങളോടുളള ഉത്തരവാദിത്വം നിറവേറ്റി. ഈ സര്‍ക്കാര്‍ അതൊന്നും ചെയ്യുന്നില്ല. ജി.എസ്.ടി വന്നതോടെ സാമ്പത്തികരംഗം തകര്‍ച്ചയിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക രംഗം മെച്ചമായിരുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഒന്നും ചെയ്യുന്നില്ല. റേഷന്‍ സംവിധാനവും അവതാളത്തിലായി. യു.ഡി.എഫ് സര്‍ക്കാര്‍ വേങ്ങര മോഡല്‍ വികസനത്തിന് രൂപം നല്കിയെങ്കില് ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്രത്തില്‍ യു.പി.എയും സംസ്ഥാനത്ത് യു.ഡി.എഫുമാണ് നല്ലതെന്ന് ജനങ്ങള്‍ വിധിയെഴുതുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.