തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ കചക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണം. ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. കേമ്പുകളിലെ ശുചിത്വം പ്രധാനകാര്യമാണ്. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. കുട്ടികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. കേമ്പുകള്‍ ശുചിയാക്കുന്നതിനു ആവശ്യമെങ്കില്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കാവുന്നതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തണം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം.
വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലയില്‍ കേടുവന്ന കക്കൂസുകള്‍ നന്നാക്കിക്കൊടുക്കുന്നുണ്ട്. അതു നല്ല മാതൃകയാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എത്ര മത്സ്യത്തൊഴിലാളികള്‍ എവിടെ നിന്നൊക്കെ കടലില്‍ പോയി എന്നതു മനസ്സിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. സംഘമായി പോകുന്നവര്‍ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കണം. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.