മുംബൈ: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തകര്‍ത്തടിച്ച് ദുരന്തം വിതച്ച ഓഖി ചുഴലി മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയതോടെ ഇരുസംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം. കാറ്റിന് വേഗത കുറഞ്ഞെങ്കിലും ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ ഓഖിയെ തുടര്‍ന്ന് മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലും സമീപപ്രദേശങ്ങളിലും സാമാന്യം കനത്ത മഴയുണ്ടായി. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്ത് കേന്ദ്രീകരിച്ച് കാറ്റ് നീങ്ങുന്നതായ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതനിര്‍ദേശം പുറപ്പെടുവിക്കുകയും ദുരന്തനിവാരണ അതോറിറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ദുരന്തനിവരാണ സേന സൂററ്റ് കേന്ദ്രീകരിച്ച് ഇതിനകം സര്‍വസന്നാഹങ്ങളുമായി വിന്യസിക്കപ്പെട്ടുകഴിഞ്ഞു.
മുംബൈയിലും സമീപ ജില്ലകളിലും ഇന്നലെ വൈകുന്നേരം മുതല്‍ ആരംഭിച്ച മഴ അര്‍ദ്ധരാത്രിയോടെ ശക്തമായി. രാവിലെയും മഴയ്ക്ക് മാറ്റമില്ലാതായതോടെസ്കൂളുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ സൂററ്റിലും പരിസരത്തും കാറ്റ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ കടല്പ്രക്ഷുബ്ധമാകുമെന്നും മത്സ്യബന്ധനതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം കടലിലുള്ളവരോടെ ഉടന്‍ മടങ്ങാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം, ഓഖിയുടെ ഭീഷണിയുടെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും ഇതിനകം സ്വീകരിച്ചുകഴിഞ്ഞെന്ന് നിയമസഭാ പ്രചാരണാര്‍ത്ഥം ഗുജറാത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ശക്തമായ മഴയെ കാറ്റും മഴയും ശക്തമാകുന്ന സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ആഹ്വാനം ചെയ്തു.അതേസമയം, ഓഖി ചുഴലിയുടെയും മഴയുടെയും പശ്ചാത്തലത്തില്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ രണ്ട് ദിവസത്തേക്ക മാറ്റിവച്ചിരിക്കുകയാണ് വിവിധപാര്‍ട്ടികള്‍.