കൊച്ചി: ഓഖി ദുരന്തത്തില്‍ പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ കണ്ടെത്തി. പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 35 ആയി ഉയര്‍ന്നു. അതേസമയം, ഇവര്‍ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണോ, കൊച്ചിയില്‍ നിന്ന് പോയവരാണോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

തിരുവനന്തപുരത്ത് മാത്രം 91 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക്. എന്നാല്‍ 201പേര്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ പറയുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേരള തീരത്തും ലക്ഷദ്വീപിലുമായി തെരച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കില്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്. കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ അവിടെ നിന്നുള്ളവരാണ് തെരച്ചില്‍ സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരിച്ചെത്താനുള്ളവരുടെ കണക്കും, ഇതര സംസ്ഥാനങ്ങളില്‍, ലക്ഷദ്വീപിലും സുരക്ഷിതരായവരുടെ കൃത്യമായ വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ തീരത്ത് ഇപ്പോഴും ആശങ്ക തുടരുകയാണ്.