ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെന്ന് എഐസിസി വൃത്തങ്ങള്‍. രാഹുല്‍ ഗാന്ധി ഏകകണ്ഠേനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയുണ്ടാകും.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിന്റെ പേര് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള 89 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. പത്രികകളിലെ സൂക്ഷ്മപരിശോധനയാണ് ഇന്ന് പൂര്‍ത്തിയായത്. ഔദ്യോഗിക പ്രഖ്യാപനം പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയായ ഈ മാസം പതിനൊന്നിനായിരിക്കും നടക്കുക.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 9നും 14 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18നറിയാം.