തിരുവനന്തപുരം: കാണാതായ ഒറ്റവരുടെ മടങ്ങിവരവും കാത്ത് ആറാം ദിനവും തീരദേശം. കാണാതായവര്‍ക്കായി മത്സ്യതൊഴിലാളികലുടേയും വിവിധ ഏജന്‍സികളുടേയും നേതൃത്വത്തില്‍ തിരച്ചില്‍ ശകതമാക്കി. തെരച്ചിലിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 10 കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം കേരള തീരത്തും അഞ്ചെണ്ണം ലക്ഷദ്വീപ് തീരത്തുമാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം കടല്‍ക്ഷോഭത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പുല്ലുവിള വെല്ലാര്‍മി ഹൗസില്‍ രതീഷ്(30) മരിച്ചു. ഇന്നലെ പുലര്‍ച്ചെ 5.50നാണ് മരിച്ചത്. മിനിമോളാണ് ഭാര്യ. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 32 ആയി.
200 ലധികം മത്സ്യതൊഴിലാളികള്‍ ബോട്ടിലും കടലിലുമായി ഇനിയും കഴിയുകയാണെന്ന് തിരുവനന്തപുരം അതി രൂപതയുടെ കണക്കുകള്‍ പറയുന്നത്. ഒഴിവാക്കാന്‍ സാധിക്കുന്ന ദുരന്തമാണ് സംഭവിച്ചത്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനം അതിന് തയ്യാറാകാത്തതിന് ന്യായീകരണമില്ല. ദുരന്തത്തിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തിലുള്ള സംവിധാനങ്ങള്‍ പരാജയമാണ്. രണ്ടു മുന്നു ദിവസം സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാമായിരുന്നു.കേരളത്തില്‍ നിന്നും ബോട്ടുകളില്‍ പോയി അപകടത്തില്‍പ്പെട്ട് ലക്ഷദ്വീപിലും മഹാരാഷ്ട്രയിലും മറ്റിടങ്ങളിലും കുടുങ്ങി കിടക്കുന്നവരെ തിരികെ എത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭത്തില്‍പെട്ട് മരിച്ച 11 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. മൂന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലും നാലെണ്ണം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും നാല് മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.