വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയ‍ർ ഇന്ത്യ രം​ഗത്ത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങാനാണ് പദ്ധതി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്. രാജ്യാന്തര സര്‍വ്വീസുകളില്‍ മഹാരാജ ബിസിനസ് ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് ക്ലാസുകളെ അപേക്ഷിച്ച്‌ ഈ ക്ലാസില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാകും. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് ഇനി മുതല്‍ മഹാരാജ ക്ലാസായി മാറ്റും.
ജീവനക്കാരുടെ യൂണിഫോമിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. പാശ്ചാത്യ രീതിയിലുള്ള യൂണിഫോം ആണ് ഇനി എയർ ഇന്ത്യ ജീവനക്കാ‍ർ ധരിക്കുക. കൂടുതൽ യാത്രക്കാരെ ഇന്റർനാഷണൽ റൂട്ടുകളിൽ ആകർഷിക്കുന്നതിന്റെ ഭാ​ഗമാണ് എയർ ഇന്ത്യയുടെ അടിമുടിയുള്ള ഈ മാറ്റം.
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്നാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബ്രിട്ടിഷ് എയർവെയ്സ്, ലുഫ്താൻസ, ഇത്തിഹാദ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികളൊക്കെ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിലയിലുള്ള ചേ‍ർച്ച കുറവുകൊണ്ട് എല്ലാവരും പിന്മാറുകയായിരുന്നു. ആഴ്ചയിൽ 2300 സർവീസുകളാണ് എയർ ഇന്ത്യയ്ക്കുള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള 118 വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ കാറ്റഗറി-3 സർട്ടിഫിക്കേഷനുള്ള പൈലറ്റുമാരാണ് എയർ ഇന്ത്യക്കുള്ളത്.