മലപ്പുറത്ത്‌ രണ്ട്‌ കോടി രൂപയുടെ ചന്ദനം പിടികൂടി രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം പുല്ലാരയില്‍ നിന്നും രണ്ട്‌ കോടി രൂപ വില വരുന്ന ചന്ദന തടികള്‍ വനം വകുപ്പ്‌ അധികൃതര്‍ പിടികൂടി. കോഴിക്കോട്‌ വനം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ചന്ദന തടികള്‍ പിടികൂടിയത്‌. വളുവമ്പ്രം പുല്ലാരയിലെ പുന്നക്കോട്‌ നജ്‌മുദ്ധീന്‍ കുരികള്‍(38)ന്റേയും സഹോദരന്‍ സലാമിന്റേയും വീടുകളോട്‌ ചേര്‍ന്നുള്ള ഷെഡുകളില്‍ നിന്നാണ്‌ ചെറിയ പ്ലാസ്‌റ്റിക്‌ ചാക്കുകളിലായി സൂക്ഷിച്ച ചന്ദന തടികളും ചെറിയ കഷ്‌ണങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തോളം കിലോ ചന്ദന തടികള്‍ വനം വകുപ്പ്‌ അധികൃതര്‍ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ വനം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ പി.ധനേഷ്‌കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ വനം വകുപ്പ്‌ അധികൃതര്‍ പരിശോധന നടത്തിയത്‌. ഈ സമയം നജ്‌മുദ്ധീന്‍ സ്‌ഥലത്തില്ലായിരുന്നു. സഹോദരന്‍ സലാം വിദേശത്താണ്‌. നജ്‌മുദ്ധീനെതിരെയും സലാമിന്റെ ഭാര്യക്കെതിരെയും കേസെടുത്തു. ചന്ദനത്തിന്റെ സുഗന്ധം പുറത്ത്‌ വരാതിരിക്കാന്‍ രാസവസ്‌തു ചേര്‍ത്തതായി സൂചനയുണ്ട്‌. പിടിച്ചെടുത്ത ചന്ദനം എടവണ്ണ റെയ്‌ഞ്ച്‌ എടക്കോട്‌ ഫോറസ്‌റ്റ് സ്‌റ്റേഷന്‌ കൈമാറും. പുല്ലാര കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി ചന്ദനം മാഫിയ സജ്‌ജീവമാണ്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ ഇവിടെ നിന്നും കോടിക്കണക്കിന്‌ രൂപയുടെ ചന്ദനമാണ്‌ അധികൃതര്‍ പിടിച്ചെടുത്തത്‌. അതേ സമയം ഒളിവില്‍ പോയ പ്രതിക്ക്‌ വേണ്ടി അനേ്വഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ട്‌. നിലമ്പൂര്‍ റെയ്‌ഞ്ച്‌ ഓഫീസര്‍ സി.രവിന്ദ്രനാഥ്‌, ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഓഫീസര്‍ വി.രാജേഷ്‌, ബീറ്റ്‌ ഫോറസ്‌റ്റ് ഓഫീസര്‍മാരായ എ.കെ.വിനോദ്‌, സി.ദിജില്‍, എ.എന്‍.രതീഷ്‌, എം.അനൂപ്‌ കുമാര്‍, റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീം അംഗങ്ങളായ രാജീവ്‌, വിപിന്‍, മറ്റു പൊലീസ്‌ അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു.