കല്‍പ്പറ്റ:നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ ഉറങ്ങിക്കിടന്നപ്പോഴാകും ആക്രമണമുണ്ടായതെന്ന് കരുതുന്നു.മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ്  പറഞ്ഞു.വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് അക്രമികള്‍ അകത്തുകടന്നത്.തൊട്ടടുത്ത് മറ്റൊരു മകനൊപ്പം താമസിക്കുന്ന ഉമ്മറിന്റെ മാതാവ് ആയിഷ രാവിലെ എട്ടോടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.അവര്‍ അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.