കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശിയായ കാലാവാല നവാസ്,ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസിന് സംശയമുണ്ട്.മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാള്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്.എറണാകുളം നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ഇവരില്‍ ഒരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.കുടക്, മൈസൂര്‍, മംഗലാപുരം എന്നിവടങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.
ആകെ 15 പ്രതികളുള്ള കേസില്‍ കോളജിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്.അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ.