ന്യൂഡല്‍ഹി:സുനന്ദ പുഷ്കറിന്റെ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു.ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യത്തുകയായ ഒരുലക്ഷം രൂപ ശശിതരൂര്‍ കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.കഴിഞ്ഞദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ശശിതരൂര്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി.എന്നാല്‍ രേഖകളുടെ സൂക്ഷ്മപരിശോധനകള്‍ക്കായി ജൂലൈ 26-ലേക്ക് കേസ് മാറ്റിവച്ചു.
ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയത്.കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചെങ്കിലും തനിക്ക് കേസിന്റെ മറ്റ് രേഖകളൊന്നും കിട്ടിയിട്ടില്ലെന്ന് തരൂരിന്റെ അഭിഭാഷകന് പറഞ്ഞതിനെത്തുടര്‍ന്ന് എല്ലാ രേഖകളും തരൂരിന് നല്കാന് പൊലീസിന് കോടതി നിര്‍ദ്ദേശം നല്കി.
അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി കോടതിയെ സമീപിച്ചു.എന്നാല്‍ തരൂരിന്റെ അഭിഭാഷകനും പോലീസും ഇക്കാര്യം എതിര്‍ത്തു.ഇതേ ആവശ്യവുമായി രണ്ട് തവണ സുബ്രമണ്യന്‍ സ്വാമി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അത് തള്ളിയ വിവരവും കോടതിയില്‍ അറിയിച്ചു.
2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അന്വേഷണത്തില്‍ മരണം ആത്മഹത്യയായി സ്ഥിരീകരിക്കുകയായിരുന്നു.