ബാള്‍ട്ടിമോര്‍:അടുത്തകാലത്ത് സംസ്ഥാനസര്‍ക്കാരിന് എറെ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു നിപ െവെറസിനെതിരെ ഫലപ്രദമായി നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍.കേരളത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയ ഒരു മഹാരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യാന്തര തലത്തിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാന സര്‍ക്കാരിനെ അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കും ചേര്‍ന്ന് ആദരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും,റോബര്‍ട്ട് .സി ഗാലോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം.1996ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്
എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച് ഐ വി വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായ റോബര്‍ട്ട് .സി ഗാലോ.യുടെ നേതൃത്വത്തില്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുത്തു.നിപ്പ വൈറസ് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ( ഐ.എച്ച്.വി ) അധികൃതര്‍ അഭിപ്രായപെട്ടു.
അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന,ഫോമ എന്നിവയുടെ പ്രതിനിധികളും കൈരളി ടിവിയുടെ യു എസ് പ്രതിനിധി ജോസ് കാടാപുറവും ചടങ്ങില്‍ സംബന്ധിച്ചു.