തിരുവനന്തപുരം:മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിനെതിരെയാണ് കേസ്.ടി.എല്‍.അജിത് കുമാര്‍,ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.കേസെടുത്തതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇരുപത് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായ ഈ ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ഗ്രൂപ്പുകളില്‍ ഒന്നാണ്.ടി.എല്‍.അജിത് കുമാര്‍,ഭാര്യ വനിത എന്നിവരെക്കൂടാതെ ഗ്രൂപ്പിന് 36 അഡ്മിന്‍മാര്‍ കൂടിയുണ്ട്.ഇവരെ കണ്ടെത്താനായി എക്‌സൈസ് വകുപ്പ് സൈബര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.സംസ്ഥാനത്ത് ലഹരിക്കെതിരെ വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെ ഇത്തരം പ്രവര്‍ത്തികളുണ്ടാവുന്നത് സര്‍ക്കാരിന് തന്നെ നാണക്കേടാവുകയാണ്.
ഏതുതരം മദ്യം ഉപയോഗിക്കണം,മദ്യത്തിനൊപ്പം കഴിക്കേണ്ട ഭക്ഷണസാധനങ്ങള്‍,തുടങ്ങി മദ്യപാനവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും മറ്റും ഗ്രൂപ്പിലൂടെ വലിയ പ്രചാരണമാണ് നല്‍കുന്നത്.കുട്ടികളെ ഉപയോഗിച്ചു പോലും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജിഎന്‍പിസി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.