ന്യൂഡല്‍ഹി:നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി.ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്,പവന്,വിനയ് ശര്‍മ എന്നിവരാണ് പുനപരിശോധനാഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി നല്‍കിയില്ല.പ്രതികളിലൊരാളായ രാംസിംഗ് ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,അശോക് ഭൂഷണ്,ആര് ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.വിധിപ്രസ്താവിക്കുന്ന സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു.
വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ നാലു പ്രതികളും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചു.തുടര്‍ന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതിനെത്തുടര്‍ന്നാണ് പുന:പരിശോധനാ ഹര്‍ജിയുമായി പ്രതികള്‍ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.