ബാങ്കോക്ക്:അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല,രക്ഷപ്പെട്ടെത്തിയ ആ കുട്ടികളെ ഒന്നു കാണാനും ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്നപ്പോള്‍ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍.തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ആശുപത്രി വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച കുട്ടികള്‍ കാമറയ്ക്കു നേരെ കൈവീശിക്കാണിക്കുന്നതും ശുശ്രൂഷകരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികളെല്ലാം ആരോഗ്യവാന്‍മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ക്ക് മാനസികാഘാതമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ മാതാപിതാക്കളെയും പുറത്ത് നിന്നും കാണാനാണ് അനുവദിച്ചിരിക്കുന്നത്.ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളു.എന്നാല്‍ വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.കുട്ടികള്‍ക്ക് രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്.