കോയമ്പത്തൂര്‍:മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു.കോയമ്പത്തൂരിലെ കോവൈ മെഡി.സെന്ററില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.പനി ബാധിച്ച് രണ്ടുദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വൃക്ക രോഗമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.എന്നാല്‍,ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസില്‍ പ്രധാന സാക്ഷിയായിരുന്ന ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.പനിയല്ലാതെ മറ്റു രോഗങ്ങളൊന്നും ടീനയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ശശീന്ദ്രന്റെ സഹോദരനായ ഡോ.സനല്‍കുമാര്‍ പറയുന്നത്.
മൂന്നുമണിയോടെയാണ് ടീന അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചത്.തുടര്‍ന്ന് മരണം സംഭവിച്ചതായും അറിഞ്ഞു.
2011 ജനുവരി 24-നാണ് മലബാര്‍ സിമന്റ്‌സിലെ ഇന്റേണല്‍ ഓഡിറ്ററും സെക്രട്ടറിയുമായിരുന്ന ശശീന്ദ്രനെയും രണ്ട് മക്കളെയും പുതുശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് അന്വേഷണത്തില്‍ മരണകാരണം കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന്് ടീന ഹൈക്കോടതിയെ സമീപിക്കുകയും കേസ് കോടതി സിബിഐയ്ക്ക് കൈമാറുകയും ചെയ്തു.
സ്ഥാപനത്തിലെ അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നതാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നു.ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് വ്യവസായിയും മലബാര്‍ സിമന്റ്സിലെ കരാറുകാരനുമായ വി.എം രാധാകൃഷ്ണനെ 2013-ല്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നടന്നില്ല.മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് കാണാതായിരുന്നു.