ദില്ലി:രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ലെന്നും പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഇത്തരം ആക്രമണങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ല.ആള്‍ക്കൂട്ട അക്രമങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.ആവശ്യമെങ്കില്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്താം.ഓഗസ്റ്റില്‍ കോടതി വീണ്ടും കേസ് പരിഗണിക്കും.