തിരുവനന്തപുരം:കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു.കേരളവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.വലിയ ദുരിതമാണ് ഉണ്ടായതെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജു പ്രതികരിച്ചു.കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ല സന്ദര്‍ശിക്കാനെത്തിയ മന്ത്രി കിരണ്‍ റിജ്ജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
10 ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും എത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചു.ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മഴക്കെടുതിയില്‍ നഷ്ടപരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണ് സംസ്ഥാനം കണക്കാക്കിയിരിക്കുന്നത്.കാര്‍ഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.55007 ഹെക്ടര്‍ കൃഷിസ്ഥലമാണ് നശിച്ചത്.വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.
തീരദേശ മേഖലയിലുള്ളവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ചും കേന്ദ്ര സംഘത്തിനു മുന്നില്‍ വിശദീകരിച്ചു. തീരദേശ മേഖലയില്‍ നിന്ന് ആളുകള്‍ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു അഭിനന്ദിച്ചു.നെടുമ്പാശേരി ഹോട്ടല്‍ സാജില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം,കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍,ചീഫ് സെക്രട്ടറി ടോം ജോസ്,അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി,അസിസ്റ്റന്റ് കളക്ടര്‍ പാട്ടീല്‍ പ്രാഞ്ജാന്‍ ലഹേന്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.