കോഴിക്കോട്:പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ‘മീശ’നോവല്‍ പിന്‍വലിച്ച് കഥാകൃത്ത്.സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുന്നതായി നോവലിസ്റ്റ് എസ്.ഹരീഷ് തന്നെയാണ് വെളിപ്പെടുത്തിയത്.തന്റെ കുടുംബത്തെ യടക്കം അപമാനിക്കുന്ന തരത്തില്‍ ആക്രമണവും ചില സംഘടനകളുടെ നിരന്തര ഭീഷണിയും കാരണമാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.ഹരീഷിന്റെ കുടുംബത്തിന്റെ ചിത്രമടക്കം മോശമായി പ്രചരണം നടത്തിയായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം.
നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ഭാഗം ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.സ്ത്രീകള്‍ ഷേത്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളാണ് ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നാരോപിച്ച് സംഘടനകള്‍ രംഗത്തെത്തിയത്. നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് നേരെയും വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായത്.
താന്‍ ആരെയും അപമാനിക്കാനോ ദ്രോഹിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് കഥാകൃത്ത് വ്യക്തമാക്കിയെങ്കിലും ഭീഷണിയും സൈബര്‍ ആക്രമണവും തുടര്‍ന്നതിനാല്‍ വിവൃത്തിയില്ലാതെ നോവല്‍ പിന്‍വലിക്കുകയായിരുന്നു.