കോട്ടയം:വൈക്കം കരിയാറില്‍ വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശിയാണ് സജി.ഒപ്പം കാണാതായ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.പ്രദേശവാസികളുടെ അടക്കം സഹായത്തോടെ ഇന്നലെ രാത്രി എഴരവരെ തിരച്ചില്‍ നടത്തിയിരുന്നു.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ മുന്നൂറിലധികം കുടുംബങ്ങളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്തശേഷം മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്.ഉടന്‍ തന്നെ നാട്ടുകാരെത്തി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനെയും തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായരെയും രക്ഷപ്പെടുത്തി.എന്നാല്‍ മറ്റു രണ്ടുപേര്‍ അതിനുമുന്‍പേ മുങ്ങിപ്പോയിരുന്നു.