തിരുവനന്തപുരം:ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.ഇതില്‍ ഒന്നാം പ്രതി ജിതകുമാര്‍,രണ്ടാംപ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണുള്ളത്.മറ്റു പ്രതികളായ ടി.അജിത്കുമാര്‍,ഇ.കെ.സാബു,ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.മൂന്നാം പ്രതി സോമന് വിചാരണയ്ക്കിടെ മരിച്ചിരുന്നു.കൊലപാതകം നടന്ന് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി വരുന്നത്.ശിക്ഷാ വിധി പിന്നീട്.
2005 സെപ്റ്റംബര്‍ 27-നാണ് ഫോര്‍ട്ട് പോലീസ് സി.ഐ. ഇ.കെ.സാബുവിന്റെ ക്രൈംസ്ക്വാഡ് പകല്‍ ഒന്നരയ്ക്ക് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്നാണ് ഒന്നും രണ്ടും ഉദയകുമാറിനെ അറസ്റ്റ് ചെയ്തത്.മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ അറസ്ററ് ചെയ്തത്.ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം.രാത്രി പത്തോടെ ഇദയകുമാറിനു ബോധം നഷ്ടപ്പെട്ടു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു.തുടര്‍ന്ന് എസ്ഐ അജിത്കുമാര്‍,സിഐ സാബു,അസിസ്റ്റന്റ് കമീഷണര്‍ ഹരിദാസ് എന്നിവര്‍ വൈകിട്ട് നാലരയോടെ ഉദയകുമാറില്‍നിന്ന് മോഷണമുതലായ 4220 രൂപ പിടിച്ചെടുത്തു എന്നു കാണിച്ച് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവ ദിവസം ഉദയകുമാറിനെ ഫോര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുവന്നുവെന്ന് സാക്ഷികളായ ഷീജാകുമാരി,സജിത,തങ്കമണി,രാജന് എന്നീ പൊലീസുകാര്‍ കോടതിയില്‍ മൊഴിനല്‍കി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ സിബിഐ കണ്ടെത്തിയിരുന്നു.മൂന്ന് പോലീസുകാര്‍ പ്രതികളായിരുന്ന കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചതായും സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തി.