ന്യൂഡല്‍ഹി: മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേയ്ക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സന്തുലിത സമീപനം വേണമെന്ന് സുപ്രീംകോടതി. അഭയാര്‍ത്ഥികളുടെ അവകാശവും രാജ്യ സുരക്ഷയും പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും.

അഭയാര്‍ത്ഥികളെ മ്യാന്‍മറിലേയ്ക്ക് തിരിച്ചയയ്ക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയണമൊവശ്യപ്പെട്ട് റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ദുര്‍വിധി വിസ്മരിക്കാന്‍ ആകില്ല. നാട് കടത്തലിന് അടിയന്തിര നടപടിയുണ്ടായാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

നാട് കടത്തല്‍ വിഷയത്തില്‍ അഭയാര്‍ഥികളുടെ അവകാശങ്ങളും രാജ്യസുരക്ഷയും പരിഗണിച്ച് സന്തുലിതമായ സമീപനം സ്വീകരിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്ത്വമാണുള്ളതെും ബെഞ്ച് വ്യക്തമാക്കി.