തിരുവനന്തപുരം:ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ.ഒന്നാം പ്രതി കെ.ജിതകുമാര്‍,രണ്ടാംപ്രതി എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്.രണ്ടുലക്ഷം രൂപ വീതം പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.നാലാംപ്രതി ഡിവൈഎസ്പി ടി അജിത്കുമാര്‍,അഞ്ചാം പ്രതി ഇ.കെ.സാബു ആറാം പ്രതി മുന്‍ എസ്പി ടി.ഹരിദാസ് എന്നിവര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.മൂന്നാം പ്രതി പൊലീസുകാരനായ സോമന്‍ ആറുമാസംമുമ്പ് മരിച്ചു.മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി
കസ്റ്റഡിമരണക്കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.സര്‍വ്വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നതും സംസ്ഥാനത്ത് ആദ്യമാണ്.
ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് മൂന്നു പ്രതികളായ അജിത്കുമാര്‍,ഇ.കെ സാബു,ടി.ഹരിദാസ് എന്നിവര്‍ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയത്.ജിതകുമാര്‍ ഇപ്പോള്‍ ഡിസിആര്‍ബിയില്‍ എഎസ്‌ഐ ആണ്. ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഹെഡ്‌കോണ്‍സ്റ്റബിളാണ്.കേസ് നടക്കുമ്പോള്‍ എസ്‌ഐ ആയിരുന്ന ടി അജിത് കുമാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്.ഇ കെ സാബു ഡിവൈഎസ്പിയായും ഹരിദാസ് എസ്പിയായും സര്‍വീസില്‍നിന്ന് വിരമിച്ചു.കുറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി.
2005 സപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്ന് ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ അതിക്രൂരമായി ഉരുട്ടിക്കൊല്ലുകയായിരുന്നു.
എസ്‌ഐ ആയിരുന്ന അജിത് കുമാര്‍,സിഐ ആയിരുന്ന ഇ കെ സാബു,അസി. കമീഷണറായിരുന്ന ഹരിദാസ് എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത് ദൃക്‌സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.