തിരുവനന്തപുരം:മീന്വില്പന നടത്തിയ ഹനാന് എന്ന പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് ആദ്യത്തെ കേസെടുത്തു.ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.തനിക്കെതിരെ ആദ്യമായി വ്യാജപ്രചരണം നടത്തിയത് നൂറുദ്ദീന്‍ ഷെയ്ഖാണെന്ന് ഹനാന് പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശമായി കമ്മന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഡി.ജി.പിക്ക് മുഖ്യമന്ത്രി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എ.സി കോതമംഗലത്തെത്തി ഹനാന്റെ മൊഴി എടുത്തു.എന്നാല്‍ തന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിശദീകരിച്ച് നൂറുദ്ദീന്‍ രംഗത്തെത്തിയെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു.