ന്യൂഡല്‍ഹി:പി.എസ്.ശ്രീധരന്‍പിള്ള ഇനി കേരളത്തിലെ ബിജെപിയെ നയിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചത്.2003- 2006 കാലത്ത് സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്.വി മുരളീധരന് എംപിക്ക് ആന്ധ്രാപ്രദേശിന്റെ അധികചുമതലയും നല്കി.
കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്.അധ്യക്ഷസ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്,പി.കെ കൃഷ്ണദാസ്,എ.എന്‍ രാധാകൃഷ്ണന്,എം.ടി.രമേശ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു.വി.മുരളീധരന്,കൃഷ്ണദാസ് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഗ്രൂപ്പിന് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്.കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചത് മുതല്‍ നാഥനില്ലാത്ത അവസ്ഥയിലായിരിന്നു ബി ജെ പി കേരളഘടകം.നേതാക്കളുടെ പടലപിണക്കങ്ങളില്‍ വലയുന്ന ബി ജെ പിയില്‍ ഗ്രൂപ്പിസം എക്കാലത്തെക്കാളും ഇപ്പോള്‍ ശക്തമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപനം വന്നശേഷം ശ്രീധരന്‍പിള്ള പറഞ്ഞു.