അനുഭവ് സിൻഹയുടെ ‘മുൽക്ക് ‘ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്  തികച്ചും കാലിക പ്രസക്തിയുള്ള വിഷയം.താപ്‍സി പന്നുവിന്റെയും ഋഷികപൂറിന്റെയും ഉജ്ജ്വല  അഭിനയം  മാത്രമല്ല ചിത്രത്തെ വ്യത്യസ്തമാക്കുന്നത് . മതപരമായ അസഹിഷ്ണുതയും ,ഭരണഘടനയുടെ ഭേദഗതിയും രാജ്യത്തു സജീവമായി ചർച്ചചെയ്യപ്പെടുമ്പോൾ വളരെയധികം പ്രസക്തമാണ് ഈ ചിത്രം .അവതരണത്തിലെ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തീവ്രമായ സംഭാഷണങ്ങളിലൂടെ  കഥ പറഞ്ഞത് നല്ല അനുഭവമായി.ബിലാൽ  മുഹമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  മനോജ് പാഹ്വാ പ്രേക്ഷകരുടെ മനസ്സിൽ തീർച്ചയായും  ജീവിക്കും .
തീവ്രവാദത്തിലും തുടർന്ന് ഒരു ബോംബ്സ്ഫോടനത്തിലും പങ്കാളിയായി അവസാനം പോലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെടുന്ന ഒരാളിന്റെ കുടുംബം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലൂടെയാണ് കഥ വികസിക്കുന്നത് . മുസ്‌ലീമുകളുടെ രാജ്യസ്നേഹം ചോദ്യപ്പെടുന്നുണ്ട് ചിത്രത്തിൽ .
തീവ്രവാദിയായ ഒരാളുടെ കുടുംബം മൊത്തം തീവ്രവാദികളായി തന്നെ കരുതപ്പെടുന്നു . അത്തരത്തിൽ ആരോപണവിധേയരായ ഒരു കുടുംബത്തിന്റെ  അതിജീവനവും  നിരപരാധിത്വം സ്ഥാപിക്കപ്പെടുന്നതും പ്രമേയമായ ചിത്രം വളരെയധികം അഭിനന്ദനം അർഹിക്കുന്നു .കോടതിമുറികളിലെ വിചാരണ വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു .വളരെ നല്ല സംഭാഷണങ്ങൾ നിറഞ്ഞ തിരക്കഥയും എടുത്തുപറയേണ്ടവയാണ്.ചെറിയ ചിലവിൽ അഭിനേതാക്കളുടെ കഴിവിൽ മാത്രം വിശ്വാസമർപ്പിച്ചു നിർമ്മിച്ച മുൽക്കിനെക്കുറിച്ചു ഒറ്റവാക്കിൽ പറഞ്ഞാൽ ‘മനോഹരം’ .