ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു.ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 6.10നായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.നാളെ സംസ്ഥാനത്ത് പൊതു അവധിയായിരിക്കും.
മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.
നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23-ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്.ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്.
ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു.രാജകുമാരിയാണ് ആദ്യസിനിമ.കണ്ണമ്മ,മണ്ണിന് മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി,മന്ത്രികുമാരി,പാസ പറൈവകള്‍,പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍. 1957ല്‍ കുളിത്തലൈയില്‍ നിന്നാണ് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്.1961-ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്.
കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്.പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍.മൂന്നു ഭാര്യമാരിലായി ആറു മക്കളുണ്ട്.മുത്തു,അഴഗിരി,സ്റ്റാലിന്,തമിഴരശ്,സെല്‍വി,കനിമൊഴി എന്നിവരാണ് മക്കള്‍.
