ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് കാണാതെപോയ നീല വാഗണ്‍ ആര്‍ കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വി ഐ പി സംസ്‌കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
വ്യാഴാഴ്ചയാണ് കെജ്രിവാളിന്റെ നീല വാഗണ്‍ ആര്‍ ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് മോഷണം പോയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.കാര്‍ ഡല്‍ഹി പോലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നതായും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറഞ്ഞിരുന്നു. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് കെജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് കത്തെഴുതിയിരുന്നു. തലസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയുടെ സൂചനയാണ് തന്റെ കാര്‍ മോഷണം പോയതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.