ന്യൂഡൽഹി: സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കരുതെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.
ദേശീയ ഗാനം പാടുന്നത് സിനിമയുടെ ആസ്വാദനം നഷ്ടപ്പെടുത്തും. അത് തീയേറ്ററിനുള്ളിൽ ആശയക്കുഴപ്പത്തിന് കാരണമാക്കും. ഇത് ദേശീയ ഗാനത്തിന് അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഡിസംബർ 5നാണ് 12 അംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരുന്നത്.പ്രതിരോധം, വിദേശകാര്യം, ശിശു-വനിത വികസനം, മാനവവിഭവശേഷം, പാാർലമെന്റററികാര്യം, നിയമം, ന്യൂനപക്ഷക്ഷേമം, വാർത്ത വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. അഭ്യന്തര മന്ത്രാലയത്തിലെ ബ്രിജ് രാജ് ശർമ്മയാണ് സമിതി തലവൻ