അതിരപ്പിള്ളി:മറുകരയെത്താനായി ചാലക്കുടി പുഴയിലിറങ്ങിയ കാട്ടാന മണിക്കുറുകളോളം പുഴയില്‍ കുടുങ്ങി.പുഴയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് ആനയ്ക്ക് മുന്നോട്ടുപോകാനാവാതെ വന്നത്.അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപത്ത് പുഴയിലാണ് നാട്ടുകാര്‍ രാവിലെ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളുടെ ഷട്ടര്‍ തുറന്നതിനാലാണ് ഇവിടെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത്.ഒടുവില്‍ ആനയെ രക്ഷപ്പെടുത്താനായി അധികൃതര്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു.
വെള്ളം താഴ്ന്നതിനെത്തുടര്‍ന്ന് പുഴകടക്കാനൊരുങ്ങിയ ആനയെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും വനത്തിലേക്കു കയറ്റിവിടുകയായിരുന്നു.