തിരുവനന്തപുരം:പത്തനംതിട്ട ജില്ലയെ ഒറ്റ ദിവസം കൊണ്ട് പ്രളയം തകര്‍ക്കുകയാണ് .പമ്പാതീരത്തെ സ്ഥിതി അതീവഗുരുതരമാണ്.ആറന്‍മുളയിലും റാന്നിയിലും ചെങ്ങന്നൂരിലും നൂറു കണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്.അപകടസാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിഛേദിച്ചത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ രാവിലെ വീടുകളുടെ മുകള്‍ നിലയിലും മറ്റും കയറി നില്‍ക്കുകയാണ്.പലരും തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഭക്ഷണവും വെള്ളവുമില്ലാതെ പലരും അവശനിലയിലായെന്നാണ് വിവരം.
അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ രാത്രിയോടെ തന്നെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ദുഃഖകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്നും റാന്നി എംഎല്‍എ രാജു എബ്രഹാം അറിയിച്ചു.അടിയന്തരമായി സൈന്യത്തെ വിന്യസിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ പലയിടങ്ങളില്‍നിന്നും ചാനലുകളിലും മറ്റും വിളിച്ച് ആളുകള്‍ സഹായമഭ്യര്‍ത്ഥിക്കുന്നുണ്ട്.ആറന്‍മുളയില്‍ വീട്ടിലെ രണ്ടാംനിലയിലേക്കും വെള്ളം കയറുന്നുവെന്നു പറഞ്ഞു പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിലെ വീട്ടമ്മ കരഞ്ഞുകൊണ്ടാണ് ചാനലിലേക്ക് വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചത്.മിക്ക വീടുകളുടെയും രണ്ടാം നിലയിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്.ആറന്മുള പൊലീസ് സ്്‌റ്റേഷനിലേക്കും വെള്ളം കയറി.ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവാത്ത സാഹചര്യമാണ്.ആറന്മുള എഴിക്കാട് കോളനി വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് 275 വീടുകളില്‍ നിന്നായി ആയിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചിറ്റാര്‍ വയ്യാറ്റുപുഴ കുളങ്ങരവാലിയില്‍ ഉരുള്‍പൊട്ടല്‍ലുണ്ടായി. നിരവധി വീടുകള്‍ ഒലിച്ചുപോയി.പലരെയും കാണാതായിട്ടുമുണ്ട്.
കോഴഞ്ചേരി പാലം തകര്‍ന്നു.കോഴഞ്ചേരി ഒറ്റപ്പെട്ടു.റാന്നിയും ഒറ്റപ്പെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.കോഴഞ്ചേരി ആശുപത്രിയില്‍ വെളളം കയറി.ആറന്‍മുള ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജില്‍ നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു.ഇവരെ രക്ഷിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യത്തിന്‍േയും കേന്ദ്ര ദുരന്തനിവാരണസേനയുടേയും എന്‍ജിനിയേഴ്‌സ് ടാസ്‌ക് ഫോഴ്‌സിന്റേയും കൂടുതല്‍ സംഘമെത്തിയിട്ടുണ്ട്.രാത്രി കൂടുതല്‍ സേനയും ബോട്ടുകളും ഹെലിക്കോപ്റ്ററുകളും എത്തും .