തിരുവനന്തപുരം: കെ.എസ്.റ്റി.പി പ്രവൃത്തി നടത്തുന്ന എം.സി റോഡില്‍ ഏറ്റുമാനൂര്‍ ടൗണില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി റോഡ് കയ്യേറി നിര്‍മ്മാണ സാമഗ്രികളായ മെറ്റല്‍, എംസാന്റ് എന്നിവ ശേഖരിച്ച സ്വകാര്യ വ്യക്തിക്കെതിരെ മന്ത്രി ജി. സുധാകരന്റെ നടപടി. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ സാമഗ്രികള്‍ റോഡില്‍ നിന്ന് നീക്കുകയായിരുന്നുവെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗതാഗതത്തിനുള്ള റോഡ് മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതും കയ്യേറുന്നതും സര്‍ക്കാര്‍ പാസ്സാക്കിയ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍ ടൗണിലെ കയ്യേറ്റം സംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിരുന്നു. ഇനി മുതല്‍ റോഡില്‍ ഒരു വസ്തുവും ഇറക്കി വെയ്ക്കുന്നതല്ലെന്ന കെട്ടിട ഉടമ സത്യവാങ്മൂലം നല്‍കുകയും മുഴുവന്‍ സാമഗ്രികളും റോഡില്‍ നിന്നു മാറ്റുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മറ്റു നിയമ നടപടികളില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.