ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടും.എന്നാല്‍ ജലനിരപ്പ് എത്ര കുറയ്ക്കുമെന്നും വെള്ളം എവിടേക്ക് തുറന്നുവിടണമെന്ന കാര്യത്തിലും തീരുമാനമായില്ല.ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു.കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റസല്‍ ജോയിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിലവിലേ സാഹചര്യത്തില്‍ കേരളത്തിലേക്ക് വെള്ളം തുറന്നുവിടാനാവില്ല.തമിഴ്നാടിനോട് വെള്ളം കൊണ്ടുപോകാന്‍ കേന്ദ്രം ആവശ്യപ്പെട്ടേക്കും.എന്നാല്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് സമിതിക്കാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്.ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.