തിരുവനന്തപുരം:പ്രളയക്കെടുതി നേരിടാന്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്നും ഇന്ന് പകല്‍ 82,442 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ആലുവ ഭാഗത്തുനിന്ന് 71,591 പേരെയും ചാലക്കുടിയില്‍ നിന്ന് 5550 പേരെയും ചെങ്ങന്നൂരില്‍ നിന്ന് 3060 പേരെയും കുട്ടനാട് മേഖലയില്‍ നിന്ന് 2000 പേരെയും തിരുവല്ല, ആറന്‍മുള ഭാഗത്തുനിന്ന് 741 പേരെയും രക്ഷപ്പെടുത്തി.
ഇതില്‍ അധികം പേരെ ബോട്ട് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സേനാവിഭാഗങ്ങളുടെ ബോട്ടുകളോടൊപ്പം മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മെയ് 29-ന് പേമാരി ആരംഭിച്ചത് മുതല്‍ ആഗസ്റ്റ് 17-ന് രാവിലെ 8 മണി വരെ 324 പേര്‍ മരണപ്പെട്ടു. ആഗസ്റ്റ് 8 മുതല്‍ ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് 164 പേരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ച് 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്താകെ 40,000 പോലീസുകാര്‍ ദുരന്തനിവാരണ രംഗത്തുണ്ട്. അവരോടൊപ്പം ഫയര്‍ ഫോഴ്സിന്റെ 3200 പേരും പ്രവര്‍ത്തിക്കുന്നു.
നേവിയുടെ 46 ടീമും എയര്‍ഫോഴ്സിന്റെ 13 ടീമും ആര്‍മിയുടെ 18 ടീമും കോസ്റ്റ് ഗാര്‍ഡിന്റെ 16 ടീമും എന്‍.ഡി.ആര്‍.എഫിന്റെ 21 ടീമുകളും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി പങ്കെടുത്തു.എയര്‍ഫോഴ്സിന്റെ 16 ഹെലികോപ്റ്ററുകളും എന്‍.ഡി.ആര്‍.എഫിന്റെ 79 ബോട്ടുകളും ഫിഷറീസിന്റെ 403 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.
ചാലക്കുടി,ചെങ്ങന്നൂര്‍ മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവിടെ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് പുറമെ ആര്‍മിയുടെ 12 വലിയ ബോട്ടുകള്‍ ചാലക്കുടിയിലേക്ക് നാളെ എത്തും.കാലടിയില്‍ 5 ആര്‍മി ബോട്ടുകളും ചെങ്ങന്നൂരില്‍ 15 ആര്‍മി ബോട്ടും തിരുവല്ലയില്‍ 10 ആര്‍മി ബോട്ടും കൂടുതലായി നാളെ രാവിലെ 6 മണി മുതല്‍ രക്ഷാപ്രര്‍ത്തനത്തിന് ഉണ്ടാകും.വിമാനമാര്‍ഗം ഇന്ന് രാത്രിയില്‍ കൂടുതല്‍ ആര്‍മി ബോട്ടുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും എത്തുന്നുണ്ട്.
ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും 4 വ്യോമസേനാ ഹെലികോപ്റ്ററുകള്‍ വീതം നാളെ രാവിലെ മുതല്‍ കൂടുതലായി ഉപയോഗിക്കും. തിരുവല്ല, ആറന്‍മുള, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് നാവിക സേനയുടെ 3 ഹെലികോപ്റ്ററുകള്‍ നാളെ രാവിലെ മുതല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.നാളെ കൂടുതല്‍ വ്യാപകമായി ഭക്ഷണവിതരണത്തിനുളള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.