തിരുവനന്തപുരം: പനിക്ക് നല്‍കിയ തുള്ളിമരുന്ന് വീണ് സ്വര്‍ണ്ണമാലയുടെ നിറം മാറി. പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ടരവയസ്സുകാരന് നല്‍കിയ മരുന്നാണ് സ്വര്‍ണ്ണത്തിന്റെ നിറം മാറ്റിയത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശി അദ്വൈതിനെയാണ് ചികിത്സയ്ക്കായി എത്തിച്ചത്.

മൂന്നര എംഎല്‍ വീതം നല്‍കാന്‍ വേണ്ടി TUSPEL LS 1 എന്ന തുള്ളിമരുന്നാണ് നല്‍കിയത്. മരുന്ന് കഴിക്കാന്‍ വിസമ്മതിച്ച കുട്ടി മരുന്ന തട്ടിത്തെറിപ്പിച്ചപ്പോഴാണ് ബ്രേസ്‌ലെറ്റിലും മാലയിലും മരുന്ന് വീണത്. അപ്പോള്‍ത്തന്നെ രണ്ടിന്റെയും സ്വര്‍ണ്ണനിറം മാറി വെള്ളിനിറമായി.

ആശുപത്രി അധികൃതരെ വിവരം അറിയിച്ചപ്പോള്‍ അവര്‍ മരുന്ന് തിരികെയെത്തിക്കാനാവശ്യപ്പെട്ടു എന്ന് അദ്വൈതിന്റെ അച്ഛന്‍ ശബരി പറഞ്ഞു. ആശുപത്രി അധികൃതര്‍ മരുന്ന് കമ്പനിക്കാരെ വിളിച്ചു വരുത്തി അവശേഷിച്ച ഇതേ മരുന്ന് മുഴുവന്‍ തിരികെ നല്‍കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഇതേ കമ്പനിയില്‍ നിന്ന് മെഡിക്കല്‍ റെപ്പ് വിളിച്ച് ശബരിയെ ഭീഷണിപ്പടുത്തിയതായും പറയുന്നു. സംഭവത്തില്‍ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.