ആലപ്പുഴ:പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഏറെ പണിപ്പെട്ട് കരകയറുകയാണ് സംസ്ഥാനം.കേരളത്തില്‍ മഴകുറഞ്ഞ്,എല്ലായിടങ്ങളില്‍നിന്നും വെള്ളമിറങ്ങിത്തുടങ്ങി എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങി.ചെങ്ങന്നൂരിലും കുട്ടനാട്ടിലുമാണ് ഇനിയും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിക്കുന്നത്.

ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമായി നടക്കുകയാണ്.എന്നാല്‍ വെള്ളം കുറഞ്ഞതിനാല്‍ മല്‍സ്യത്തൊഴിലാളികളുടെ വലിയ വള്ളങ്ങള്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കാനാവില്ല.ചെറുവള്ളങ്ങള്‍ വേണമെന്നാണ് ആവശ്യം.കുറെ ചെറിയ ബോട്ടുകള്‍ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.ചെങ്ങന്നൂരിലെ തിരുവന്‍മണ്ടൂര്‍,ഇടനാട് പാണ്ടനാട്,വെണ്‍മണി,മാന്നാര്‍ തുടങ്ങി ഉള്‍പ്രദേശങ്ങളിലൊക്കെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഇവരില്‍ മിക്കവര്‍ക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു.എന്നാല്‍ ഇവരില്‍ പലരും വീട്ടില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായിട്ടില്ല.കന്നുകാലികളടക്കം തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചിട്ട് വരാനാവില്ലെന്നാണ് പലരും പറയുന്നത്.ചെങ്ങന്നൂര്‍ പ്രദേശത്തുനിന്ന് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.എയര്‍ഡ്രോപ്പിംഗിലുടെ മുഴുവന്‍ പേര്‍ക്കും ഭക്ഷണമെത്തിക്കാനുള്ള ദൗത്യത്തിലാണ് വ്യോമസേന.
കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് ഇന്നലെ മന്ത്രി തോമസ് ഐസക് പറഞ്ഞത്.കുട്ടനാട് തീര്‍ത്തും വെള്ളത്തിലായിക്കഴിഞ്ഞു.ഇവിടെനിന്നും രണ്ടേകാല്‍ ലക്ഷം ജനങ്ങളെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിച്ചു.ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആലപ്പുഴ ജിലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം.പലരും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിട്ടില്ല.ഇവരെയൊക്കെ ബലമായി ക്യാമ്പുകളിലെത്തിക്കാനാണ് അധികൃതരുടെ തീരുമാനം.വെള്ളപ്പൊക്കത്തില്‍ പ്പെട്ട് കുട്ടനാട്ടിലെ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്.
ആറന്‍മുളയിലും വെള്ളമിറങ്ങിയതിനെത്തുടര്‍ന്ന് പലരും വീടിനുമുകളില്‍നിന്നും മറ്റും ഇറങ്ങി ദുരിതാശ്വാസക്യാമ്പുകളിലെത്തുന്നുണ്ട്.ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്.വലിയ വള്ളങ്ങള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെയും ചെറുതോണികള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തിരുവല്ല മേഖലയില്‍ ഇന്ന് പതിനഞ്ച് ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ചിട്ടുണ്ട്.കൂടാതെ ഹെലികോപ്റ്ററും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഏതാണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റര്‍ എത്തി.ഇവിടത്തെ സ്വകാര്യ ആശുപത്രിയുടെ ഹെലികോപ്റ്ററാണ് രക്ഷാദൗത്യത്തിനു നല്‍കിയത്.രണ്ടായിരത്തിലധികം പേരാണ് നെല്ലിയാമ്പതിയില്‍ കുടങ്ങിയിരിക്കുന്നത്.പുറം ലോകവുമായി ബന്ധിപ്പിക്കുന്ന രണ്ടുപാലങ്ങളും തകര്‍ന്നു. 8 കിലോമീറ്ററോളം ദുര്‍ഘടപാതയിലൂടെ നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചത്.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നീ നദികളില്‍ ജലനിരപ്പ് താഴുന്നത് തൃശ്ശൂര്‍ ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്നുണ്ട്.എറണാകുളം-തൃശ്ശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവരികയാണ്.പലരും വീടുകളിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.