ചെങ്ങന്നൂര്‍:മഴക്കെടുതിയുടെ ദുരിതം പേറിക്കഴിയുന്നവരുടെ ദുരിതാശ്വാസ ക്യാംപില്‍ നിന്നും ദുഃഖകരമായ ഒരു വാര്‍ത്തകൂടി.ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന രണ്ടരവയസ്സുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു.തിരുവന്‍വണ്ടൂര്‍ സ്വദേശികളായ സുനിലിന്റേയും അനുപമയുടേയും മകളായ അനവദ്യയാണ് മരിച്ചത്.തിരുവനപുരം കിംസ് ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്.
തിരുവന്‍മണ്ടൂരിലെ ദുരിതാശ്വാസ ക്യാംപിലെത്തുമ്പോള്‍ പനിയുണ്ടായിരുന്ന അനവദ്യയ്ക്ക് പിന്നീട്‌ പനി മൂര്‍ഛിച്ച് വിറയലുണ്ടാവുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനവദ്യയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മസ്തിഷ്‌കജ്വരമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ കിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.